ഇബ്‌റാഹീം

സൂക്തങ്ങള്‍: 38-41

വാക്കര്‍ത്ഥം

ഞങ്ങളുടെ നാഥാ = رَبَّنَا

തീര്‍ച്ചയായും നീ = إِنَّكَ

നീ അറിയുന്നു = تَعْلَمُ

ഞങ്ങള്‍ ഒളിച്ചുവെക്കുന്നത് = مَا نُخْفِي

ഞങ്ങള്‍ വെളിപ്പെടുത്തുന്നതും = وَمَا نُعْلِنُۗ

മറയുന്നില്ല(മറഞ്ഞതായി ഇല്ലല്ലോ)  = وَمَا يَخْفَىٰ

അല്ലാഹുവി(ല്‍നിന്ന്) ന്റെ മേല്‍ = عَلَى اللَّهِ

യാതൊന്നും = مِن شَيْءٍ

ഭൂമിയില്‍ = فِي الْأَرْضِ

ആകാശത്തുമില്ല = وَلَا فِي السَّمَاءِ

(സര്‍വ) സ്തുതിയും അല്ലാഹുവിന്ന് = لِلَّهِ الْحَمْدُ

എനിക്കു(പുത്രന്മാരായി) പ്രദാനം ചെയ്തവനായ = وَهَبَ لِي الَّذِي

വാര്‍ധക്യത്തിന്മേല്‍(ഈ വാര്‍ധക്യ കാലത്ത്)  = الْكِبَرِ عَلَى

ഇസ്മാഈലിനെയും ഇസ്ഹാഖിനെയും = وَإِسْحَاقَۚ إِسْمَاعِيلَ

തീര്‍ച്ചയായും എന്റെ നാഥന്‍ = إِنَّ رَبِّي

പ്രാര്‍ഥന കേള്‍ക്കുന്നവന്‍ തന്നെയാകുന്നു = الدُّعَاءِ لَسَمِيعُ

എന്റെ നാഥാ എന്നെ നീ ആക്കേണമേ = اجْعَلْنِي رَبِّ

നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നവന്‍ = الصَّلَاةِ مُقِيمَ

എന്റെ സന്തതികളില്‍നിന്നും(കളെയും അപ്രകാരം ആക്കേണമേ) = وَمِن ذُرِّيَّتِيۚ

ഞങ്ങളുടെ നാഥാ നീ സ്വീകരിക്കേണമേ = وَتَقَبَّلْ رَبَّنَا

എന്റെ പ്രാര്‍ഥന = دُعَاءِ

ഞങ്ങളുടെ നാഥാ, എനിക്ക് പാപമോചനമരുളേണമേ = لِي  اغْفِرْ  رَبَّنَا

എന്റെ മാതാപിതാക്കള്‍ക്കും = وَلِوَالِدَيَّ

സത്യവിശ്വാസികള്‍(ക്ക് ഒക്കെയും)ക്കും = وَلِلْمُؤْمِنِينَ

വിചാരണ നില്‍ക്കുന്ന(നടക്കുന്ന)നാളില്‍ = الْحِسَابُ    يَقُومُ يَوْمَ

رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُۗ وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ﴿٣٨﴾ الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ ﴿٣٩﴾ رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلْدُعَاءِ ﴿٤٠﴾ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾

38.          നാഥാ, ഞങ്ങള്‍ ഒളിച്ചു വെക്കുന്നതും വെളിപ്പെടുത്തുന്നതും നീ അറിയുന്നു. അല്ലാഹുവില്‍ നിന്നു മറഞ്ഞതായി യാതൊന്നുമില്ലല്ലോ; ഭൂമിയിലുമില്ല, ആകാശത്തുമില്ല.

39.          ഈ വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പുത്രന്മാരായി പ്രദാനം ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവന്‍ തന്നെയാകുന്നു.

40.          നാഥാ, എന്നെ മുറപ്രകാരം നമസ്‌കാരമനുഷ്ടിക്കുന്നവനാക്കേണമേ, എന്റെ സന്തതികളെയും അപ്രകാരമാക്കേണമേ. നാഥാ എന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കേണമേ.

41.          നാഥാ, വിചാരണ നടക്കുന്ന നാളില്‍ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കൊക്കെയും നീ പാപമോചനമരുളേണമേ!!

38.  ഈ സൂക്തത്തിന്റെ وما نعلن  ......ربّنا   എന്ന ആദ്യ ഖണ്ഡം ഇബ്‌റാഹീംനബിയുടെ പ്രാര്‍ഥനയുടെ ഭാഗവും  في السماء......وما يخفى    എന്ന രണ്ടാം ഖണ്ഡം അതിനോടനുബന്ധിച്ച് അല്ലാഹു അരുള്‍ ചെയ്യുന്നതുമാണ് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ആശയവിനിമയവേളയില്‍ മനുഷ്യര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമാണ് മനസ്സിലുള്ളത് അതേ ഗൗരവത്തോടെ, വികാരത്തോടെ, ആശയസ്പഷ്ടതയോടെ വാക്കുകളിലവതരിപ്പിക്കാന്‍ കഴിയാതിരിക്കുക എന്നത്. ചിലപ്പോള്‍ ഒരാള്‍ക്ക് രണ്ടുമണിക്കൂറുകൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തകാര്യം മറ്റു ചിലര്‍ അതിനെക്കാള്‍ ശക്തവും വ്യക്തവുമായ രൂപത്തില്‍ രണ്ടു മിനിറ്റുകൊണ്ടു പറഞ്ഞു തീര്‍ത്തെന്നുവരും. അത്തരം ആളുകള്‍ക്കുപോലും ചില പ്രത്യേകസന്ദര്‍ഭത്തില്‍ ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ചവിധം പറയാന്‍കഴിയാതെയും വരും. ഈ പ്രാര്‍ഥനാവേളയില്‍ ഇബ്‌റാഹീംനബിയുടെ മനസ്സ് ഒരു വശത്ത്, ആറ്റു നോറ്റുണ്ടായ ആദ്യപുത്രനെയും അവന്റെ മാതാവിനെയും, കുടിക്കാന്‍ വെള്ളവും തിന്നാന്‍ ഭക്ഷണവുമില്ലാത്ത വിജനമായ തരിശുഭൂമിയില്‍ ഉപേക്ഷിച്ചുപോരുന്ന പിതാവിലുണരുന്ന തീവ്രവികാരങ്ങളും മറുവശത്ത് അല്ലാഹുവിനോടുള്ള നിഷ്‌ക്കളങ്കവും നിരുപാധികവുമായ വിശ്വാസവും വിധേയത്വവും തിങ്ങിവിങ്ങി കൊണ്ട് വീര്‍പ്പു

മുട്ടുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം പലതും പറയാനാഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ, വാക്കുകള്‍ നാവില്‍ വന്നില്ല. ചിലപ്പോള്‍ വാക്കുകള്‍ നാവിന്‍തുമ്പില്‍ വന്നാലും അതു മൊഴിയാന്‍ എന്തെന്നറിയാത്ത തടസമനുഭവപ്പെടുന്നു. ഈ അവസ്ഥകളെയെല്ലാം സൂചിപ്പിക്കുന്നതാണീ വചനം. ഞാന്‍ പറഞ്ഞതും പറയാതെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്നതും ഒരു പോലെ അറിയുന്നവനാണല്ലോ നാഥാ നീ. എന്റെ യഥാര്‍ഥ ആഗ്രഹങ്ങളും ആവശ്യങ്ങളും എന്നെക്കാള്‍ നിനക്കാണറിയുക. അതൊക്കെയും നീ പൂര്‍ത്തീകരിച്ചുതരണം.

39.  നേരത്തെ അല്ലാഹു തന്റെ പ്രാര്‍ഥനകള്‍ കേട്ട് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ ഒരു ശിപാര്‍ശയെന്നോണം അനുസ്മരിക്കുകയാണിവിടെ. അതായത്, വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത, സര്‍വസ്തുതിക്കും അര്‍ഹനായ രക്ഷിതാവാണല്ലോ നീ. അതുപോലെ എന്റെ ഈ പ്രാര്‍ഥനയും നീ സ്വീകരിക്കുമെന്ന് ഞാനാശിക്കുന്നു. എന്റെ നാഥന്‍ എന്റെ പ്രാര്‍ഥനകള്‍ നിരസിക്കാറില്ലല്ലോ.

40.  ഇസ്മാഈലിനെയും മാതാവിനെയും മക്കയില്‍ പാര്‍പ്പിച്ചതിന്റെ ലക്ഷ്യമായി നേരത്തെ പറഞ്ഞ നമസ്‌കാരം നിലനിര്‍ത്തല്‍ അനുസ്മരിച്ചുകൊണ്ട് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉതവിയരുളണമെന്ന് ഒരിക്കല്‍ കൂടി പ്രാര്‍ഥിക്കുകയാണിവിടെ.

41.  അവസാനമായി അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായ എല്ലാവര്‍ക്കും പാപമോചനം തേടുകയാണ്. ഇബ്‌റാഹീംനബിയുടെ പിതാവിനെ ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അയാള്‍ കടുത്ത സത്യനിഷേധിയായിരുന്നു. ഇബ്‌റാഹീം(അ) നാട്ടില്‍നിന്ന് പലായനംചെയ്യുമ്പോള്‍ പിതാവിന്റെ പാപപരിഹാരാര്‍ഥം താന്‍ പ്രാര്‍ഥിക്കാമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. വാഗ്ദത്തപാലനത്തിന്റെ ഭാഗമായി, പിതാവ് മുരത്ത കാഫിറും മുശ്‌രിക്കുമായിരുന്നിട്ടും ഇബ്‌റാഹീം(അ) പിതാവിന്നു വേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പിന്നീട് അല്ലാഹു അദ്ദേഹത്തെ അതില്‍നിന്നു വിലക്കി. ഇവിടെ ഉദ്ധരിച്ച പ്രാര്‍ഥന ഈ വിലക്ക് വരുന്നതിനു മുമ്പായിരിക്കണം.

ഈ പ്രാര്‍ഥനയില്‍ رب....ربنا  എന്ന് ഏഴുവട്ടം ആവര്‍ത്തിച്ചതായി കാണാം. ആവര്‍ത്തനം പ്രാര്‍ഥനയുടെ അനിവാര്യസ്വഭാവങ്ങളില്‍ പെട്ടതാണ്. വണക്കവും ആശ്രിതത്വവും ആവലാതിയും, അഭയത്തിലും സഹായത്തിലുമുള്ള പ്രതീക്ഷയുമാണ് പ്രാര്‍ഥനയുടെ സാരാംശം. പ്രാര്‍ഥിക്കപ്പെടുന്നവനെ ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരിക്കുക അതിന്റെയെല്ലാം താല്‍പര്യമാകുന്നു.

പ്രാര്‍ഥി എന്റെ നാഥാ ربي - എന്നു സംബോധന ചെയ്യുമ്പോഴൊക്കെ അല്ലാഹുവിനോടുള്ള തന്റെ വിധേയത്വത്തെയും ആശ്രയത്തെയും അവന്‍ തനിക്ക് അരുളിയിട്ടുള്ളതായി താനറിയുന്ന സവിശേഷമായ ദയാദാക്ഷിണ്യത്തെയും തന്റെ പ്രാര്‍ഥന സ്വീകരിക്കാനുള്ള ഒരു മാധ്യമമാക്കുകയാണ്. ഞങ്ങളുടെ നാഥാ ربنا - എന്നു സംബോധന ചെയ്യുമ്പോള്‍ എല്ലാ സൃഷ്ടികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന, അവന്റെ ഔദാര്യത്തെയാണ് മാധ്യമമാക്കുന്നത്. അതായത് നീ എന്നെ/ഞങ്ങളെ കാരുണ്യത്തോടെ രക്ഷിച്ചു പോരുന്ന രക്ഷാധികാരിയും ഞാന്‍/ഞങ്ങള്‍ നിന്റെ ആശ്രിതരും വിനീതവിധേയദാസന്മാരുമായതിനാല്‍ ഈ പ്രാര്‍ഥന കേള്‍ക്കാനും സഫലമാക്കിത്തരാനും ഞങ്ങള്‍ക്ക് നീ മാത്രമേയുള്ളൂ.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments