അല്‍ മാഊന്‍

സൂക്തങ്ങള്‍: 1-7

വാക്കര്‍ത്ഥം

നീ കണ്ടോ? = أَرَأَيْتَ
നിഷേധിക്കുന്നവനെ = الَّذِي يُكَذِّبُ
മതത്തെ = بِالدِّينِ
അത് = فَذَٰلِكَ
ആട്ടിയകറ്റുന്നവനാണ് = الَّذِي يَدُعُّ
അനാഥയെ = الْيَتِيمَ
അവന്‍ പ്രേരിപ്പിക്കുന്നുമില്ല = وَلَا يَحُضُّ
അന്നംകൊടുക്കാന്‍ = عَلَىٰ طَعَامِ
അഗതിയുടെ = الْمِسْكِينِ
അതിനാല്‍ നാശം = فَوَيْلٌ
നമസ്കാരക്കാര്‍ക്ക് = لِّلْمُصَلِّينَ
യാതൊരുത്തര്‍ = الَّذِينَ
അവര്‍ = هُمْ
തങ്ങളുടെ നമസ്കാരത്തെപ്പറ്റി = عَن صَلَاتِهِمْ
അശ്രദ്ധരാണ് = سَاهُونَ
യാതൊരുത്തര്‍ = الَّذِينَ
അവര്‍ = هُمْ
അവര്‍ കാണിക്കാന്‍ വേണ്ടി ചെയ്യുന്നു = يُرَاءُونَ
അവര്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നു = وَيَمْنَعُونَ
നിസ്സാരമായ പരസഹായം = الْمَاعُونَ

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِالْمِسْكِينِ ﴿٣﴾ فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْيُرَاءُونَ ﴿٦﴾ وَيَمْنَعُونَ الْمَاعُونَ ﴿٧﴾

(1-7) 1 മരണാനന്തര രക്ഷാ ശിക്ഷകളെ തള്ളിപ്പറയുന്ന2 വനെ നീ3 കണ്ടിട്ടുണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും4 അഗതിയുടെ ആഹാരം കൊടുക്കാന്‍5പ്രേരിപ്പിക്കാത്തവനു6 മാകുന്നു.7 എന്നാല്‍, ആ നമസ്‌കാരക്കാര്‍ക്ക് നാശമാണുള്ളത്;8സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക്.9 അവര്‍ കപടനാട്യക്കാരാകുന്നു.10 ചെറിയ ചെറിയ പരോപകാരങ്ങള്‍11 പോലും വിലക്കുന്നവരും.

==========

1. ഇവിടെ ഈ ചോദ്യത്തോടുകൂടി ആരംഭിച്ചതിന്റെ അര്‍ഥം നിങ്ങള്‍ ആ മനുഷ്യനെ കണ്ടുവോ ഇല്ലയോ എന്നുചോദിക്കുന്നു എന്നല്ലെന്നും മറിച്ച്, പരലോകനിഷേധിയില്‍ വളര്‍ന്നുവരുന്ന സ്വഭാവചര്യകള്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് ചിന്തിക്കാന്‍ അനുവാചകനെ പ്രേരിപ്പിക്കുകയാണെന്നും വചനരീതിയില്‍നിന്ന് വ്യക്തമാണ്. അനുവാചകന്‍ പരലോക വിശ്വാസത്തിന്റെ ധാര്‍മിക പ്രസക്തി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനുവേണ്ടി അവനെ, പരലോകനിഷേധികള്‍ ഏതുതരത്തിലുള്ള ആളുകളാണെന്ന് പരിശോധിക്കാന്‍ തല്‍പരനാക്കുകയും ചെയ്യുന്നു.

2. يُكَذِّبُ بِالدِّين എന്നാണ് മൂലവാക്യം. الدِّين എന്ന പദം വിശുദ്ധ ഖുര്‍ആന്‍ സാങ്കേതികമായി പരലോകത്തെ കര്‍മഫലം എന്ന അര്‍ഥത്തിലും ദീനുല്‍ ഇസ്‌ലാം എന്ന അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇവിടെ തുടര്‍ന്നു പറയുന്ന വിഷയവുമായി യോജിക്കുന്നത് ആദ്യത്തെ അര്‍ഥമാകുന്നു-- രണ്ടാമത്തെ അര്‍ഥവും വചനശൃംഖലയില്‍ അനുചിതമാവില്ലെങ്കിലും. ഇബ്‌നു അബ്ബാസ് മുന്‍ഗണന കല്‍പിച്ചത് രണ്ടാമത്തെ അര്‍ഥത്തിനാണ്. എന്നാല്‍, ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ആദ്യത്തെ അര്‍ഥത്തിനാണ് മുന്‍ഗണന നല്‍കിയത്. ആദ്യത്തെ അര്‍ഥത്തിലെടുത്താല്‍ സൂറയുടെ മുഴുവന്‍ ഉള്ളടക്കത്തിന്റെയും താല്‍പര്യം, പരലോകനിഷേധം മനുഷ്യനില്‍ ഇന്നിന്ന സ്വഭാവചര്യകള്‍ ഉളവാക്കുന്നു എന്നാകുന്നു. രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍ സൂറയുടെ താല്‍പര്യം, ദീനുല്‍ ഇസ്‌ലാമിന്റെ ധാര്‍മിക പ്രസക്തി വെളിപ്പെടുത്തുകയാണെന്നു കാണാം. അതായത് വചനോദ്ദേശ്യം, ദീനുല്‍ഇസ്‌ലാമിനെ തള്ളിപ്പറയുന്നവരില്‍ കാണപ്പെടുന്ന ദുഷ്ടതകള്‍ക്കു നേരെവിപരീതമായ സ്വഭാവചര്യകള്‍ വളര്‍ത്താനാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത് എന്ന്.

3. 'നീ' എന്നു സംബോധനചെയ്യുന്നത് പ്രത്യക്ഷത്തില്‍ നബി(സ)യെ ആണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവില്‍ സാമാന്യബുദ്ധിയും ചിന്താശക്തിയും ഗ്രാഹ്യതയുമുള്ള ഓരോ വ്യക്തിയെയും സംബോധനചെയ്യുകയാണ് ഖുര്‍ആനിന്റെ ശൈലി. 'കാണുക' എന്നതിന്റെ വിവക്ഷ കണ്ണുകൊണ്ടുള്ള കാഴ്ചയുമാണ്. കാരണം, തുടര്‍ന്നു പ്രസ്താവിക്കുന്ന, ആളുകളുടെ ചെയ്തികള്‍ കണ്ണുള്ളവര്‍ക്കെല്ലാം നേരില്‍ കാണാവുന്നതാണ്. അറിയുക, ഗ്രഹിക്കുക, ആലോചിക്കുക എന്നും അതിന് താല്‍പര്യമുണ്ട്. മറ്റു ഭാഷകളിലെന്നപോലെ അറബിയിലും 'നോക്കുക' എന്ന പദം ഈ അര്‍ഥങ്ങളിലൊക്കെ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി, എനിക്കറിയാം എന്ന അര്‍ഥത്തില്‍ 'ഞാന്‍ കാണുന്നു' എന്നും, ചിന്തിക്കൂ എന്ന അര്‍ഥത്തില്‍ 'നോക്കൂ' എന്നും നമ്മുടെ ഭാഷയിലും പറയാറുണ്ടല്ലോ. أَرَأَيْتَ എന്ന പദത്തെ ഈ രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍ ആശയം, രക്ഷാശിക്ഷകളെ തള്ളിപ്പറയുന്നവന്‍ എത്തരത്തിലുള്ളവനാണെന്ന് അറിയാമോ, അല്ലെങ്കില്‍ രക്ഷാശിക്ഷകളെ തള്ളിപ്പറയുന്നവന്റെ സ്വഭാവം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നാകുന്നു.

4. മൂലത്തില്‍ ഉപയോഗിച്ച يَدُعُّ الْيَتِيمَ എന്ന വാക്കിന് പല അര്‍ഥങ്ങളുണ്ട്. ഒന്ന്: അനാഥന്റെ അവകാശം ഹനിക്കുകയും അവന്റെ പിതാവ് ശേഷിപ്പിച്ച സ്വത്തു കൊടുക്കാതെ ഇറക്കിവിടുകയും ചെയ്യുക. രണ്ട്: സഹായം തേടിവരുന്ന അനാഥകളോട് കരുണകാട്ടാതെ ആട്ടിയോടിക്കുക, യാതനയുടെ രൂക്ഷത മൂലം അവന്‍ വീണ്ടും കാരുണ്യം തേടിവന്നാല്‍ നിര്‍ദയം തള്ളിപ്പുറത്താക്കുക. മൂന്ന്: അനാഥകളെ പീഡിപ്പിക്കുക. ഉദാഹരണമായി, വീട്ടില്‍ സ്വന്തം കുടുംബത്തില്‍ത്തന്നെ പെട്ട അനാഥരുണ്ടെങ്കില്‍ അവരെക്കൊണ്ട് എല്ലാ വീട്ടുവേലകളും ചെയ്യിക്കുക, തൊട്ടതിനും തടഞ്ഞതിനുമൊക്കെ അവരെ ശകാരിച്ചുകൊണ്ടും ദ്രോഹിച്ചുകൊണ്ടുമിരിക്കുക. കൂടാതെ ഈ വാക്യത്തില്‍ ഇങ്ങനെയൊരര്‍ഥവും കൂടി ഒളിഞ്ഞിരിപ്പുണ്ട്: അയാളില്‍നിന്നുള്ള നിര്‍ദയമായ നടപടികള്‍ അപൂര്‍വം വല്ലപ്പോഴും ഉണ്ടാകുന്നതല്ല. പ്രത്യുത, അയാളുടെ സ്ഥിരം സ്വഭാവംതന്നെയാണത്. അത് ദുഷ്ടമാണെന്ന വിചാരം പോലും അയാള്‍ക്കില്ല. അയാള്‍ ബോധപൂര്‍വം, നിസ്സങ്കോചം ആ നടപടി സ്വീകരിച്ചിരിക്കുകയാണ്. അയാള്‍ വിചാരിക്കുന്നത് അനാഥര്‍ അബലരും ബലഹീനരുമാണെന്നാണ്. അതുകൊണ്ട് അവരുടെ അവകാശം ഹനിക്കുന്നതില്‍, അല്ലെങ്കില്‍ അവരെ മര്‍ദന പീഡനങ്ങള്‍ക്കിരയാക്കി നിര്‍ത്തുന്നതില്‍, അല്ലെങ്കില്‍ അവര്‍ സഹായം തേടിയെത്തുമ്പോള്‍ ആട്ടിപ്പായിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് അവര്‍ കരുതുന്നു. ഖാദി അബുല്‍ഹുസൈന്‍ അല്‍മാവര്‍ദി തന്റെ അഅ്‌ലാമുന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഇവ്വിഷയകമായി അദ്ഭുതകരമായ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: അബൂജഹ്ല്‍  ഒരനാഥന്റെ രക്ഷിതാവായിരുന്നു. ഒരിക്കല്‍ ആ കുട്ടി, തന്റെ പിതൃസ്വത്തില്‍നിന്ന് കുറച്ച് തനിക്കു തരേണമെന്നപേക്ഷിച്ച് അബൂജഹ്‌ലിനെ സമീപിച്ചു. അപ്പോള്‍ ദേഹത്തില്‍ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ആ കുട്ടി. പക്ഷേ, ആ അക്രമി കുട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. വളരെ നേരം കേണുനിന്നശേഷം അവന്‍ നിരാശനായി തിരിച്ചുപോയി. വഴിക്കുവെച്ച് ഖുറൈശി പ്രമാണികള്‍ അവനെ മക്കാറാക്കാന്‍ വേണ്ടി ഇങ്ങനെ ഉപദേശിച്ചു: 'നീ ചെന്ന് ആ മുഹമ്മദി(സ)നോട് പറ. അയാള്‍ അബൂജഹ്‌ലിനോട് ശിപാര്‍ശചെയ്ത് നിന്റെ മുതല്‍ വാങ്ങിച്ചുതരും.' എട്ടും പൊട്ടും തിരിയാത്ത ആ പാവം കുട്ടിക്ക് അബൂജഹ്‌ലും മുഹമ്മദും(സ) തമ്മിലുള്ള ബന്ധം എന്താണെന്നോ, ഈ ദുഷ്ടന്മാര്‍ തന്നോട് ഇങ്ങനെ ഉപദേശിച്ചതെന്തിനാണെന്നോ ഒന്നും അറിഞ്ഞുകൂടായിരുന്നു. അവന്‍ നേരെ പ്രവാചകന്റെ അടുത്തുചെന്ന് തന്റെ പരാതി ബോധിപ്പിച്ചു. അദ്ദേഹം ഉടനെ എഴുന്നേറ്റ് ആ കുട്ടിയെയും കൂട്ടി തന്റെ ബദ്ധവൈരിയായ അബൂജഹ്‌ലിന്റെ അടുത്തു ചെന്നു. തിരുമേനിയെ കണ്ട് അബൂജഹ്ല്‍ സ്വാഗതംചെയ്തു. തിരുമേനി 'ഈ കുഞ്ഞിന്റെ അവകാശം അവന്നു കൊടുക്കുക' എന്നു പറഞ്ഞപ്പോള്‍ അയാള്‍ ഉടനെ അത് സമ്മതിച്ചു. മുതല്‍ എടുത്തുകൊണ്ടുവന്ന് കുട്ടിക്കു കൊടുക്കുകയുംചെയ്തു. ഖുറൈശിപ്രമാണിമാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, അവര്‍ തമ്മില്‍ നടക്കുന്നതെന്താണെന്നു കാണാന്‍. രസകരമായ ഒരു ഏറ്റുമുട്ടലായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, നടന്ന സംഭവം കണ്ട് അവര്‍ അദ്ഭുതസ്തബ്ധരായി. അബൂജഹ്‌ലിന്റെ അടുത്തു ചെന്ന് ആക്ഷേപ സ്വരത്തില്‍ അവര്‍ ചോദിച്ചു: 'നിങ്ങളും മതം മാറിയോ?' അയാള്‍ പറഞ്ഞു: 'ദൈവത്താണ, ഞാന്‍ മതം മാറിയിട്ടില്ല. പക്ഷേ, മുഹമ്മദി(സ)ന്റെ ഇടത്തും വലത്തും രണ്ടു കുന്തങ്ങള്‍, ഞാന്‍ അയാളുടെ തൃപ്തിക്കെതിരായി വല്ലതും ചെയ്താല്‍ ഉടനെ എന്റെ മേല്‍ തുളഞ്ഞകയറാന്‍ ആഞ്ഞുനില്‍ക്കുന്നതായി എനിക്കു തോന്നി.' ആ കാലത്ത് അറേബ്യയിലെ ഏറ്റവും പുരോഗമിച്ച ആഢ്യ ഗോത്രങ്ങളിലെ പ്രമാണിമാര്‍ പോലും അനാഥകളോടും മറ്റവശ ജനങ്ങളോടും സ്വീകരിച്ചിരുന്ന സമീപനമെന്തായിരുന്നു എന്നു മാത്രമല്ല ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. റസൂല്‍തിരുമേനി എത്ര ഉന്നതമായ സ്വഭാവത്തിന്റെ ഉടമയായിരുന്നുവെന്നും തിരുമേനിയുടെ സ്വഭാവം അദ്ദേഹത്തിന്റെ ബദ്ധവൈരികളെപ്പോലും എന്തു മാത്രം കീഴ്‌പ്പെടുത്തിയിരുന്നുവെന്നും കൂടി ഇതില്‍നിന്ന് മനസ്സിലാക്കാം. ഈയിനത്തില്‍പെട്ട ഒരു സംഭവം തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം ഭാഗത്തിലും നാം ഉദ്ധരിച്ചിട്ടുണ്ട്. അതും തിരുമേനിയുടെ സ്വഭാവമഹിമയുടെ വീര്യത്തെ സൂചിപ്പിക്കുന്നതാണ്. ഖുറൈശികള്‍ അദ്ദേഹത്തെ ആഭിചാരകന്‍ എന്നു വിളിച്ചത് അതിന്റെ പേരിലായിരുന്നു.

5. إِطْعَامُ الْمِسْكِين എന്നല്ല طَعَامُ الْمِسْكِين എന്നാണ് പ്രയോഗിച്ചത്. إِطْعَامُ الْمِسْكِين എന്നായിരുന്നു പ്രയോഗമെങ്കില്‍ അവന്‍ അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നാകുമായിരുന്നു. പക്ഷേ, طَعَامُ الْمِسْكِين ന്റെ അര്‍ഥം ഇങ്ങനെയാണ്: അവന്‍ അഗതികളുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അഗതികള്‍ക്ക് നല്‍കപ്പെടുന്ന ആഹാരം, അതു നല്‍കുന്നവരുടേതല്ല, അതു ലഭിക്കുന്ന അഗതികളുടെത്തന്നെ ആഹാരമാണ്. നല്‍കുന്നവര്‍ക്ക് അവരോടുള്ള ബാധ്യതയാണത്. ദാതാവ് അവരോട് ദാക്ഷിണ്യം കാണിക്കുകയല്ല, അവരുടെ അവകാശം വകവെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. وَفِى أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُوم (അവരുടെ സമ്പത്തില്‍ ചോദിക്കുന്നവര്‍ക്കും ജീവിതമാര്‍ഗം വിലക്കപ്പെട്ടവര്‍ക്കും അവകാശമുണ്ട്) എന്ന് സൂറ അദ്ദാരിയാത് 19-ആം  സൂക്തത്തില്‍ പ്രസ്താവിച്ചതും ഇതേ ആശയംതന്നെയാണ്.

6. لاَ يَحُضُّ എന്ന വാക്കിന്റെ താല്‍പര്യം ഇപ്രകാരമാണ്: അയാള്‍ സ്വന്തം മനസ്സിനെ അതിനു സന്നദ്ധമാക്കുന്നില്ല. പാവങ്ങള്‍ക്ക് അന്നം കൊടുക്കേണ്ടതാണെന്ന് തന്റെ വീട്ടുകാരോടു പറയുന്നുമില്ല. സമൂഹത്തിലെ വിശന്നു പൊരിയുന്ന പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കും അവരുടെ അവകാശങ്ങളെത്തിച്ചുകൊടുക്കാനും അവരുടെ വിശപ്പകറ്റാനും മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുമില്ല. ഇവിടെ അല്ലാഹു രണ്ടു പ്രകടമായ ഉദാഹരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കിത്തരുന്നത് പരലോകനിഷേധികളായ ആളുകളില്‍ ഏതുതരം സ്വഭാവദൗഷ്ട്യങ്ങളാണ് വളരുന്നത് എന്നാണ്. യഥാര്‍ഥ ഉദ്ദേശ്യം ഈ രണ്ടു സംഗതികളെ മാത്രം വിമര്‍ശിക്കുകയല്ല. പരലോകത്തെ അംഗീകരിക്കാത്തവരില്‍ അനാഥകളെ ആട്ടിയോടിക്കുക, അഗതികള്‍ക്കാഹാരം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുക എന്നീ രണ്ടു ദുഷ്ടതകള്‍ മാത്രമേ ഉണ്ടാകൂ എന്നുമല്ല. പ്രത്യുത, ആ മാര്‍ഗഭ്രംശത്തിന്റെ ഫലമായി പ്രകടമാകുന്ന എണ്ണമറ്റ ദൗഷ്ട്യങ്ങളില്‍നിന്ന് ഉദാഹരണമായി, മാന്യനും സല്‍പ്രകൃതിയുമായ ആരും അങ്ങേയറ്റം ദുഷ്ടമെന്നും നികൃഷ്ടമെന്നും സമ്മതിക്കുന്ന രണ്ട് കാര്യങ്ങള്‍, എടുത്തുകാണിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇക്കാര്യം ബോധ്യപ്പെടുത്തുകയും ഉദ്ദേശ്യമുണ്ട്: ഇതേ മനുഷ്യന്‍ ദൈവത്തിനുമുമ്പില്‍ ഹാജരാകേണ്ടിവരുമെന്നും അവനോട് സമാധാനം പറയേണ്ടതുണ്ടെന്നും സമ്മതിക്കുന്നുവെങ്കില്‍ അയാളില്‍നിന്ന് ഒരിക്കലും ഇത്രത്തോളം നീചമായ ചെയ്തികള്‍ ഉണ്ടാവില്ല. അയാള്‍ അനാഥരുടെ അവകാശങ്ങള്‍ കവരുകയില്ല. അവരെ പീഡിപ്പിക്കുകയില്ല. ആട്ടിയോടിക്കുകയില്ല. അഗതികള്‍ക്ക് സ്വന്തം നിലക്ക് ആഹാരം കൊടുക്കാതിരിക്കുകയില്ല. അഗതികള്‍ക്ക് ആഹാരംകൊടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുകയുമില്ല. സൂറ അല്‍അസ്വ്‌റിലും അല്‍ബലദിലും പറഞ്ഞ وَتَوَا صَوْا بِالْحَقِّ، وَتَوَا صَوْا بِالْمَرْحَمَة (അവര്‍ ദൈവദാസന്‍മാരോട് കാരുണ്യം കാണിക്കാന്‍ പരസ്പരം ഉപദേശിക്കുന്നു. അവര്‍ സത്യം കൈക്കൊള്ളാനും ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനും പരസ്പരം ഉപദേശിക്കുന്നു) എന്ന ഗുണങ്ങളുള്ളവരാണ് പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവര്‍.

7. فَذلِكَ الَّذى എന്നാണ് മൂലത്തിലുള്ളത്. ഈ വാക്ക് ഒരു പൂര്‍ണവാചകത്തിന്റെ ആശയമുള്‍ക്കൊള്ളുന്നു. അതിന്റെ അര്‍ഥമിതാണ്: ''നിനക്കറിയില്ലെങ്കില്‍ നമുക്കറിയാം, അവന്‍ ഇങ്ങനെയുള്ളവനാണെന്ന്.'' അല്ലെങ്കില്‍ ''അവന്റെ പരലോകനിഷേധം മൂലം അവന്‍ ഇങ്ങനെയുള്ളവനാകുന്നു.''

8. فَوَيْلٌ لِّلْمُصَلِّين എന്നാണ് മൂലവാക്ക്. ഇവിടെ ف എന്ന അക്ഷരം, പരലോകത്തെ പരസ്യമായി നിഷേധിക്കുന്നവരുടെ അവസ്ഥ ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണെന്നും ഇനി നമസ്‌കരിക്കുന്നവരുടെ, അതായത് മുസ്‌ലിംകളുടെ കൂട്ടത്തില്‍പെട്ട കപടവിശ്വാസികളുടെ അവസ്ഥ കേട്ടുകൊള്ളുക എന്നുമുള്ള അര്‍ഥത്തെ സൂചിപ്പിക്കുന്നു. അവര്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകളാണെങ്കിലും പരലോകത്തെ കള്ളമെന്നു കരുതുന്നവരാണ്. അതുമൂലം എന്തു നാശമാണ് അവര്‍ സ്വയം വരുത്തിവെക്കുന്നതെന്ന് നോക്കുക. مُصَلِّين എന്ന പദത്തിനര്‍ഥം നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ എന്നാണ്. എന്നാല്‍, ഇവിടെ ഈ പദം പ്രയോഗിച്ച സന്ദര്‍ഭവും തുടര്‍ന്ന് പറയുന്ന ആളുകളുടെ ഗുണങ്ങളും പരിഗണിക്കുമ്പോള്‍ ഈ പദത്തിനര്‍ഥം നമസ്‌കാരക്കാരനാവുക എന്നല്ല; മറിച്ച്, നമസ്‌കാരക്കാരില്‍ അഥവാ മുസ്‌ലിംകളില്‍ പെട്ടവനാവുക എന്നാണ്.

9. فِى صَلاَتِهِمْ سَاهُون എന്നല്ല عَنْ صَلاَتِهِمْ سَاهُون എന്നാണ് പറഞ്ഞിരിക്കുന്നത്. فِى صَلاَتِهِمْ എന്നായിരുന്നുവെങ്കില്‍ 'അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ മറന്നുപോകുന്നു' എന്നാകുമായിരുന്നു അര്‍ഥം. പക്ഷേ, നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ വല്ലതും മറന്നുപോവുക എന്നത് ശരീഅത്തില്‍ നിഫാഖ് (കാപട്യം) ആകുന്നതുപോയിട്ട് കുറ്റകരം പോലുമല്ല. എന്നല്ല, ആക്ഷേപമര്‍ഹിക്കുന്ന ഒരു തെറ്റേയല്ല. പ്രവാചകന്നു പോലും ചിലപ്പോള്‍ നമസ്‌കാരത്തിനിടയില്‍ മറവി സംഭവിച്ചിട്ടുണ്ട്. അതിനു പരിഹാരമായിട്ടാണ് തിരുമേനി سُجُودُ السَّهْو (മറവിയുടെ പ്രണാമം) നിര്‍ദേശിച്ചത്. ഇതില്‍നിന്ന് ഭിന്നമായി عَنْ صَلاَتِهِمْ سَاهُون എന്നതിന്റെ അര്‍ഥം ഇങ്ങനെയാണ്: അവര്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാണ്. നമസ്‌കരിച്ചാലും ഇല്ലെങ്കിലും അവരുടെ ദൃഷ്ടിയില്‍ വലിയ പ്രശ്‌നമൊന്നുമില്ല. ചിലപ്പോള്‍ നമസ്‌കരിക്കുന്നു. ചിലപ്പോള്‍ ഇല്ല. ചിലപ്പോള്‍ സമയത്തിന് നമസ്‌കരിക്കുന്നു. ചിലപ്പോള്‍ സമയം തീരെ അവസാനിക്കാറാകുമ്പോള്‍ എഴുന്നേറ്റ് നാലുവട്ടം കുത്തിമറിയുന്നു. അല്ലെങ്കില്‍ നമസ്‌കാരത്തിന് ഒരുങ്ങുമ്പോള്‍ താല്‍പര്യമില്ലാതെ ഒരുങ്ങുകയും മനമില്ലാമനസ്സോടെ, മടുപ്പോടെ അതു നിര്‍വഹിക്കുകയും ചെയ്യുന്നു, തന്റെ മേല്‍ വന്നുപെട്ട ഒരു വയ്യാവേലിയാണതെന്നമട്ടില്‍. അവന്‍ വസ്ത്രങ്ങള്‍ തെരുപ്പിടിച്ചുകൊണ്ടിരിക്കുന്നു. കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. അവന്റെ ഉള്ളില്‍ ദൈവസ്മരണയുടെ നിഴല്‍പോലുമുണ്ടായിരിക്കില്ല. നമസ്‌കരിക്കുകയാണെന്ന ബോധമില്ല. താനെന്താണ് ഉരുവിടുന്നതെന്ന വിചാരവുമില്ല. നിറുത്തമോ റുകൂഓ സുജൂദോ ഒന്നും വേണ്ടവണ്ണം പൂര്‍ത്തിയാക്കാതെ ബദ്ധപ്പെട്ടുകൊണ്ടായിരിക്കും നമസ്‌കാരം. എങ്ങനെയെങ്കിലും എത്രയുംപെട്ടെന്ന് നമസ്‌കാരത്തിന്റെ കോലംകാട്ടി വിരമിക്കാനായിരിക്കും ശ്രമം. എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ നമസ്‌കരിച്ചുകളയാമെന്നുവെക്കുന്ന പലരുമുണ്ട്. ആ ഇബാദത്തിന് അവരുടെ ജീവിതത്തില്‍ ഒരു സ്ഥാനവുമുണ്ടാവില്ല. നമസ്‌കാരസമയമായാല്‍ അതു നമസ്‌കാരസമയമാണെന്ന ബോധമേ അവരിലുണ്ടാകുന്നില്ല. മുഅദ്ദിനിന്റെ ശബ്ദം കാതില്‍ പതിക്കുമ്പോള്‍ ആ വിളംബരം എന്താണെന്നോ ആരോടാണെന്നോ എന്തിനുവേണ്ടിയാണെന്നോ അവര്‍ ചിന്തിക്കുകയേയില്ല. ഇതുതന്നെയാണ് പരലോകത്തില്‍ വിശ്വാസമില്ലാത്തതിന്റെ ലക്ഷണം. ഇസ്‌ലാംവാദികളുടെ ഈ കര്‍മരീതിക്കു കാരണം നമസ്‌കാരം നിര്‍വഹിക്കുന്നതിന് എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നോ അതു നിര്‍വഹിക്കാതിരിക്കുന്നതുമൂലം വല്ല ശിക്ഷയും ലഭിക്കുമെന്നോ അവര്‍ക്ക് ഉറച്ച വിശ്വാസവും പ്രതീക്ഷയുമില്ല എന്നതാകുന്നു. 

10. ഈ വാക്യം ഒരു സ്വതന്ത്രവാക്യമാകാം. മുന്‍വാക്യവുമായി ബന്ധപ്പെട്ടതുമാകാം. ഒരു സ്വതന്ത്ര വാക്യമാണെന്നുവെച്ചാല്‍ അര്‍ഥമിതായിരിക്കും: അവന്‍ നിഷ്‌കളങ്കമായ ഉദ്ദേശ്യത്തോടെ അല്ലാഹുവിനു വേണ്ടി ഒരു സല്‍ക്കര്‍മവും ചെയ്യുകയില്ല. ചെയ്യുന്നതെന്തും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയായിരിക്കും-- ആളുകള്‍ അവനെ പ്രശംസിക്കാനും ധര്‍മിഷ്ഠനെന്നു കരുതാനും അവന്റെ ഗുണഗണങ്ങള്‍ ചെണ്ടകൊട്ടിനടക്കാനും അതിന്റെ ഫലം ഏതെങ്കിലും വിധത്തില്‍ ഈ ലോകത്തുതന്നെ നേടാനും. ഈ വാക്യം മുന്‍ വാക്യവുമായി ബന്ധപ്പെട്ടതാണെന്നുവെച്ചാല്‍ അതിന്റെ താല്‍പര്യം ഇപ്രകാരമായിരിക്കും: അവര്‍ കാണിക്കാനുള്ള നമസ്‌കാരമാണ് നിര്‍വഹിക്കുന്നത്. ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ മൊത്തത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഈ രണ്ടാമത്തെ അര്‍ഥത്തിനാണ്. കാരണം, പ്രഥമദൃഷ്ട്യാ ഈ വാക്യം മുന്‍വാക്യവുമായി ബന്ധപ്പെട്ടതാണെന്നുതന്നെയാണ് മനസ്സിലാവുക. 

 

സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടത് അവസാന സൂക്തത്തിലെ അവസാന പദമായ المَاعُون ആകുന്നു.

പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തള്ളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്‌ലിമും എന്നാല്‍, മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച ഒരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടുതരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ച് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല.

Facebook Comments