അല്‍ അഅ്‌ലാ

സൂക്തങ്ങള്‍: 8-19

വാക്കര്‍ത്ഥം

നിനക്കു നാം സൗകര്യമൊരുക്കിത്തരാം = وَنُيَسِّرُكَ
ഏറ്റവും എളുപ്പമായതിലേക്ക് = لِلْيُسْرَىٰ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക = فَذَكِّرْ
ഉപകരിക്കുമെങ്കില്‍ = إِن نَّفَعَتِ
ഉദ്ബോധനം = الذِّكْرَىٰ
ഉദ്ബോധനം ഉള്‍ക്കൊള്ളും = سَيَذَّكَّرُ
ഭയപ്പെടുന്നവന്‍ = مَن يَخْشَىٰ
അതില്‍ നിന്ന് അകലുകയും ചെയ്യും = وَيَتَجَنَّبُهَا
പരമനിര്‍ഭാഗ്യവാന്‍ = الْأَشْقَى
കടന്നെരിയുന്നവന്‍ = الَّذِي يَصْلَى
നരകത്തീയില്‍ = النَّارَ
ഏറ്റവും വലിയ = الْكُبْرَىٰ
പിന്നെ = ثُمَّ
അവന്‍ മരിക്കുകയില്ല = لَا يَمُوتُ
അതില്‍ = فِيهَا
അവന്‍ ജീവിക്കുകയുമില്ല = وَلَا يَحْيَىٰ
തീര്‍ച്ചയായും വിജയിച്ചു = قَدْ أَفْلَحَ
വിശുദ്ധി വരിച്ചവന്‍ = مَن تَزَكَّىٰ
അവന്‍ ഓര്‍ക്കുകയും ചെയ്തു = وَذَكَرَ
നാമം = اسْمَ
തന്റെ നാഥന്റെ = رَبِّهِ
എന്നിട്ട് അവന്‍ നമസ്കരിക്കുകയും ചെയ്തു = فَصَلَّىٰ
എന്നാല്‍ = بَلْ
നിങ്ങള്‍ പ്രാമുഖ്യം നല്‍കുന്നു = تُؤْثِرُونَ
ഈ ലോക ജീവിതത്തിന് = الْحَيَاةَ الدُّنْيَا
പരലോകമാണ് = وَالْآخِرَةُ
ഏറ്റവും ഉത്തമം = خَيْرٌ
ഏറെ ശാശ്വതവും = وَأَبْقَىٰ
നിശ്ചയം ഇത് = إِنَّ هَٰذَا
ഏടുകളിലുള്ളത് തന്നെയാണ് = لَفِي الصُّحُفِ
ആദ്യത്തെ = الْأُولَىٰ
അഥവാ ഏടുകളില്‍ = صُحُفِ
ഇബ്റാഹീമിന്റെ = إِبْرَاهِيمَ
മൂസായുടെയും = وَمُوسَىٰ

وَنُيَسِّرُكَ لِلْيُسْرَىٰ ﴿٨﴾ فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ ﴿٩﴾ سَيَذَّكَّرُ مَن يَخْشَىٰ ﴿١٠﴾ وَيَتَجَنَّبُهَا الْأَشْقَى ﴿١١﴾ الَّذِي يَصْلَى النَّارَ الْكُبْرَىٰ ﴿١٢﴾ ثُمَّلَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴿١٣﴾ قَدْ أَفْلَحَ مَن تَزَكَّىٰ ﴿١٤﴾ وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ ﴿١٥﴾ بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا ﴿١٦﴾ وَالْآخِرَةُ خَيْرٌ وَأَبْقَىٰ﴿١٧﴾ إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ ﴿١٨﴾ صُحُفِ إِبْرَاهِيمَ وَمُوسَىٰ ﴿١٩﴾

(8-13) നാം നിനക്ക് സുഗമമായ വഴിയൊരുക്കിത്തരുന്നതാകുന്നു. അതിനാല്‍, നീ പ്രബോധനം ചെയ്തുകൊണ്ടിരിക്കുക; പ്രബോധനം ഫലപ്രദമാണെങ്കില്‍.10 ദൈവഭയമുള്ളവന്‍ പ്രബോധനം സ്വീകരിക്കും.11 തികഞ്ഞ ഭാഗ്യഹീനന്‍ അകന്നുപോവുകയും ചെയ്യും; കൊടും തീയില്‍ വേവേണ്ടവന്‍. പിന്നെ അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.12 
(14-19) വിശുദ്ധി കൈക്കൊള്ളുകയും13 തന്റെ നാഥന്റെ നാമം സ്മരിക്കുകയും14 പിന്നെ നമസ്‌കരിക്കുകയും15 ചെയ്തവനാരോ അവന്‍ വിജയം പ്രാപിച്ചിരിക്കുന്നു. പക്ഷേ, നിങ്ങള്‍ ഭൗതികജീവിതത്തിനു മുന്‍ഗണന നല്‍കുകയാണ്.16 എന്നാല്‍, പരലോകമാകുന്നു ശ്രേഷ്ഠവും ശാശ്വതവുമായിട്ടുള്ളത്.17 ഈ സംഗതി പൂര്‍വികമായ ഏടുകളിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാകുന്നു; ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍18 .

============

10. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ ഈ രണ്ടു വാക്യങ്ങളെ വെവ്വേറെയാണ് മനസ്സിലാക്കിയിട്ടുള്ളത്. പ്രഥമ വാക്യത്തിന് അവര്‍ ഇങ്ങനെ അര്‍ഥം നല്‍കിയിരിക്കുന്നു: നാം താങ്കള്‍ക്ക് ഒരു ലളിതമായ നിയമവ്യവസ്ഥ നല്‍കുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കുക അനായാസകരമാകുന്നു. രണ്ടാം വാക്യത്തിനര്‍ഥമിതാണ്: ഫലപ്രദമാകുമെങ്കില്‍ ഉപദേശിക്കുക. എന്നാല്‍, നമ്മുടെ വീക്ഷണത്തില്‍ فَذَكِّرْ എന്ന പദം രണ്ടു വാക്യങ്ങളെയും ബന്ധിപ്പിക്കുകയും പിന്‍വാക്യത്തിന്റെ ആശയത്തെ മുന്‍വാക്യത്തിന്റെ ആശയത്തിന്റെ തുടര്‍ച്ചയാക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് ഈ ദിവ്യവചനത്തിന്റെ താല്‍പര്യം നാം മനസ്സിലാക്കുന്നതിങ്ങനെയാണ്: പ്രവാചകരേ, പ്രബോധനകാര്യത്തില്‍ താങ്കളെ ക്ലേശിപ്പിക്കാന്‍ നാം ഉദ്ദേശിക്കുന്നില്ല. താങ്കള്‍ ബധിരന്മാരെ കേള്‍പ്പിക്കണമെന്നോ അന്ധന്മാര്‍ക്ക് വഴി ദൃശ്യമാക്കണമെന്നോ നാം ആവശ്യപ്പെട്ടിട്ടില്ല. പ്രത്യുത, അനായാസകരമായ ഒരു രീതിയാണ് താങ്കളോട് നിര്‍ദേശിച്ചിട്ടുള്ളത്. വല്ലവരും പ്രയോജനപ്പെടുത്താന്‍ തയ്യാറായേക്കും എന്നു തോന്നുന്നേടത്ത് ഉദ്‌ബോധനം നടത്തുക എന്നതാണത്. ആരാണ് പ്രയോജനപ്പെടുത്താന്‍ സന്നദ്ധതയുള്ളവര്‍, ആരാണ് സന്നദ്ധതയില്ലാത്തവര്‍ എന്ന് മനസ്സിലാക്കാന്‍ കഴിയുക പൊതുവായ പ്രബോധനത്തില്‍നിന്നാണെന്നു വ്യക്തമാണല്ലോ. അതുകൊണ്ട് പൊതുപ്രബോധനം തുടര്‍ന്നുകൊണ്ടിരിക്കണം. പക്ഷേ, അതിന്റെ ലക്ഷ്യം ഈ സന്ദേശം പ്രയോജനപ്പെടുത്തുകയും സന്മാര്‍ഗം കൈക്കൊള്ളുകയും ചെയ്യുന്ന ദൈവദാസന്മാരെ അന്വേഷിക്കുക എന്നതായിരിക്കണം. അവരാണ് താങ്കളുടെ ശ്രദ്ധയര്‍ഹിക്കുന്നവര്‍. അവരുടെ ശിക്ഷണശീലനങ്ങളില്‍ താങ്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അവരെ വെടിഞ്ഞുകൊണ്ട്, ഒരുവിധ ഉദ്‌ബോധനവും സ്വീകരിക്കാനാഗ്രഹിക്കുന്നില്ലെന്ന് അനുഭവത്തിലൂടെ താങ്കള്‍ മനസ്സിലാക്കിയിട്ടുള്ള ആളുകളുടെ പിന്നാലെ നടക്കേണ്ട കാര്യമൊന്നുമില്ല. സൂറ അബസ 5-12 80:5 സൂക്തങ്ങളില്‍ മറ്റൊരു രീതിയില്‍ വ്യക്തമാക്കിയിട്ടുള്ളത് ഏതാണ്ടിതേ ആശയംതന്നെയാണ്: ''സ്വയം പോന്നവനായി ചമയുന്നവനാരോ, അവനെ നീ ശ്രദ്ധിക്കുന്നു. എന്നാല്‍, അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? നിന്റെ ചാരെ ഓടിയണയുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുന്നവനോട് നീ വൈമുഖ്യം കാട്ടുന്നു. ഒരിക്കലുമില്ല. ഇതൊരുദ്‌ബോധനമാകുന്നു. ഇഷ്ടമുള്ളവര്‍ അതു സ്വീകരിക്കട്ടെ.''

11. മനസ്സില്‍ ദൈവഭയവും ദുഷിച്ച പരിണതിയെക്കുറിച്ച് ഉല്‍ക്കണ്ഠയുമുള്ളവന്നേ, താന്‍ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോകരുതേ എന്ന വിചാരമുണ്ടായിരിക്കൂ. അവന്‍ മാത്രമേ സന്മാര്‍ഗവും ദുര്‍മാര്‍ഗവും തമ്മിലുള്ള വ്യത്യാസവും വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും പാതയും പറഞ്ഞുകൊടുക്കുന്ന ദാസന്മാരുടെ ഉദ്‌ബോധനം ശ്രദ്ധിക്കുകയുമുള്ളൂ.

12. അവന്ന് ശിക്ഷയില്‍നിന്നൊഴിവാകാന്‍ മരണമുണ്ടാവില്ല, ജീവിതത്തിന്റെ വല്ല സുഖവും ലഭിക്കുന്ന ജീവിതവുമുണ്ടാവില്ല. അല്ലാഹുവിന്റെയും റസൂലിന്റെയും ഉപദേശം ഒട്ടും സ്വീകരിക്കാതെ അന്ത്യശ്വാസം വരെ സത്യനിഷേധത്തിലും ബഹുദൈവത്വത്തിലും ദൈവനിഷേധത്തിലും ഉറച്ചുനിന്നവര്‍ക്കുള്ളതാണീ ശിക്ഷ. എന്നാല്‍, മനസ്സില്‍ വിശ്വാസം പുലര്‍ത്തിയവരും പക്ഷേ, ദുഷ്‌കര്‍മങ്ങളുടെ പേരില്‍ നരകത്തിലെറിയപ്പെടുന്നവരുമായ ആളുകളെ സംബന്ധിച്ച് ഹദീസുകളില്‍ വന്നിട്ടുള്ളതിങ്ങനെയാണ്: അവര്‍ തങ്ങളുടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അവരെ മരിപ്പിക്കും. പിന്നെ അവര്‍ക്കുവേണ്ടി ശിപാര്‍ശ സ്വീകരിക്കും. എന്നിട്ട് അവരുടെ കരിഞ്ഞ ജഡങ്ങള്‍ സ്വര്‍ഗത്തിലെ നദികള്‍ക്കടുത്ത് കൊണ്ടുവന്നു കിടത്തും. സ്വര്‍ഗസ്ഥരോട് അവരുടെ മേല്‍ വെള്ളമൊഴിക്കാന്‍ പറയും. വെള്ളം കിട്ടിയാല്‍ സസ്യങ്ങള്‍ മുളച്ചുപൊങ്ങുന്നതുപോലെ, ആ വെള്ളം മൂലം അവര്‍ ജീവിച്ചെഴുന്നേല്‍ക്കും. ഈ ആശയം പ്രവാചകനില്‍(സ)നിന്ന് മുസ്‌ലിം അബൂസഈദില്‍ ഖുദ്‌രി മുഖേനയും ബസ്സാര്‍ അബൂഹുറയ്‌റ മുഖേനയും ഉദ്ധരിച്ചിട്ടുണ്ട്.

13. കുഫ്‌റും ശിര്‍ക്കും വര്‍ജിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയാണ് 'വിശുദ്ധി കൈക്കൊള്ളുക' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ദുഃസ്വഭാവങ്ങള്‍ വെടിഞ്ഞ് സല്‍സ്വഭാവങ്ങള്‍ സ്വായത്തമാക്കലും ദുര്‍വൃത്തികള്‍ വെടിഞ്ഞ് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കലും അതിന്റെ വിവക്ഷയില്‍ പെടുന്നു. 'വിജയം' എന്നതുകൊണ്ടുദ്ദേശ്യം ഭൗതികസൗഖ്യമല്ല. പ്രത്യുത, യഥാര്‍ഥ വിജയമാകുന്നു-- അതോടൊപ്പം ഭൗതിക സൗഖ്യവും കൂടി ലഭിച്ചാലും ഇല്ലെങ്കിലും ശരി. 

14. 'സ്മരണ' എന്നതില്‍ മനസ്സുകൊണ്ട് അല്ലാഹുവിനെ ഓര്‍ക്കുന്നതും നാവുകൊണ്ട് അല്ലാഹുവിനെ ഭജിക്കുന്നതും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. രണ്ടു കാര്യങ്ങളും ذِكْرُ اللهِ (ദൈവസ്മരണ) എന്നതിന്റെ നിര്‍വചനത്തില്‍പ്പെട്ടതാണ്.

15. അതായത്, ഓര്‍ക്കുക മാത്രമല്ല, നിഷ്ഠയനുസരിച്ച് നമസ്‌കരിച്ചുകൊണ്ട്, താന്‍ വിശ്വസിക്കുന്ന അല്ലാഹുവിനെ അനുസരിക്കാന്‍ പ്രായോഗികമായി സന്നദ്ധനായിരുന്നുവെന്നും സദാ അവനെ സ്മരിക്കാന്‍ ജാഗ്രതയുളളവനായിരുന്നുവെന്നും തെളിയിച്ചിട്ടുമുണ്ട്. ഈ സൂക്തത്തില്‍ രണ്ടു കാര്യങ്ങള്‍ ക്രമപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഒന്ന്: അല്ലാഹുവിനെ സ്മരിക്കുക, പിന്നെ നമസ്‌കരിക്കുക. ഇതുപ്രകാരമാണ് 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞുകൊണ്ടായിരിക്കണം നമസ്‌കാരത്തിന്റെ തുടക്കമെന്നു നിശ്ചയിച്ചത്. റസൂല്‍ (സ) പഠിപ്പിച്ചുതന്നിട്ടുള്ള നമസ്‌കാരക്രമത്തിന്റെ ഓരോ ഘടകവും ഖുര്‍ആനിക സൂചനകളിലധിഷ്ഠിതമാകുന്നു എന്ന് മനസ്സിലാക്കിത്തരുന്ന സാക്ഷ്യസമുച്ചയത്തില്‍പ്പെട്ടതാണിത്. എന്നാല്‍, അല്ലാഹുവിന്റെ ദൂതന്നല്ലാതെ മറ്റാര്‍ക്കുംതന്നെ ഈ സൂചനകളെ സമുച്ചയിച്ച് നമസ്‌കാരത്തിന്റെ ഈ ക്രമം ക്രോഡീകരിക്കാന്‍ സാധിക്കുകയില്ലായിരുന്നു.

16. നിങ്ങളുടെ ചിന്തകളത്രയും ഭൗതികജീവിതത്തിന്റെ സുഖസൗഖ്യങ്ങളെയും നേട്ടങ്ങളെയും രസങ്ങളെയും കുറിച്ചു മാത്രമാകുന്നു. ഇവിടെ എന്തു ലഭിച്ചാലും അതുതന്നെയാണ് യഥാര്‍ഥ നേട്ടമെന്ന് നിങ്ങള്‍ കരുതുന്നു. ഇവിടെ വല്ലതും വിലക്കപ്പെട്ടാല്‍ അതുതന്നെയാണ് നിങ്ങള്‍ക്ക് സംഭവിച്ച യഥാര്‍ഥ നഷ്ടമെന്നാണ് നിങ്ങളുടെ വിചാരം.

17. അതായത്, ഭൗതികജീവിതത്തെ അപേക്ഷിച്ച് പരലോകജീവിതം രണ്ടു നിലക്ക് മുന്‍ഗണനാര്‍ഹമാകുന്നു. ഒന്ന്, പാരത്രിക ജീവിതത്തിലെ സുഖാനന്ദങ്ങള്‍ ഭൗതികജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളെക്കാളും മികച്ചതാണ്. രണ്ട്, ഭൗതികജീവിതം നശ്വരമാണ്. പാരത്രിക ജീവിതമാകട്ടെ, ശാശ്വതമാണ്.

18. വിശുദ്ധ ഖുര്‍ആനില്‍ ഹ. ഇബ്‌റാഹീമി(അ)ന്റെയും മൂസാ(അ)യുടെയും ഏടുകളിലെ അധ്യാപനത്തെ പരാമര്‍ശിക്കുന്ന രണ്ടാമത്തെ സ്ഥലമാണിത്. നേരത്തെ സൂറ അന്നജ്മ് മൂന്നാം ഖണ്ഡികയിലാണ് ഒരു പരാമര്‍ശം വന്നിട്ടുള്ളത്.

നാമം

പ്രഥമ സൂക്തമായ سَبِّحِ اسْمَ رَبِّكَ الأَعْلَى എന്ന വാക്യത്തിലെ الأَعْلَى എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

പ്രവാചകത്വത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നുണ്ട്. പ്രവാചകന്‍ ദിവ്യബോധനം സ്വീകരിക്കുന്നതില്‍ തഴക്കം നേടിയിട്ടില്ലാത്ത കാലത്താണവതരിച്ചതെന്ന് ആറാം സൂക്തത്തിലെ 'നാം നിനക്കു വായിച്ചുതരാം; പിന്നെ നീ അത് മറക്കുകയില്ല' എന്ന വാക്യവും സൂചിപ്പിക്കുന്നുണ്ട്. ദിവ്യബോധനമവതരിക്കുന്ന സന്ദര്‍ഭങ്ങളില്‍, താന്‍ അതിന്റെ വാക്കുകള്‍ മറന്നുപോയേക്കുമോ എന്ന് തിരുമേനി ആശങ്കിച്ചിരുന്നു. ഈ ആശങ്കയെ ദൂരീകരിക്കുകയാണിവിടെ. ഈ സൂക്തവും സൂറ ത്വാഹായിലെ 114-ആം 20:114 സൂക്തവും സൂറ അല്‍ഖിയാമയിലെ 16-19 75:16 സൂക്തങ്ങളും ചേര്‍ത്തു വായിക്കുകയും അവ മൂന്നിന്റെയും ശൈലിയും സന്ദര്‍ഭപശ്ചാത്തലങ്ങളും പരിശോധിക്കുകയും ചെയ്താല്‍ സംഭവങ്ങളുടെ ക്രമം ഇപ്രകാരമാണെന്നു മനസ്സിലാകും: ആദ്യമായി ഈ സൂറയില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയാണ്: താങ്കള്‍ വിഷമിക്കേണ്ട, നാം ഈ വചനം താങ്കള്‍ക്ക് വായിച്ചുതരും. താങ്കളതു മറന്നുപോവുകയില്ല. പിന്നീട് കുറെക്കാലത്തിനു ശേഷം രണ്ടാമത്തെ സന്ദര്‍ഭത്തില്‍ സൂറ അല്‍ഖിയാമ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ തിരുമേനി അനിച്ഛാപൂര്‍വം ദിവ്യസന്ദേശം ആവര്‍ത്തിച്ചുരുവിടാന്‍ തുടങ്ങി. അപ്പോള്‍ അല്ലാഹു അരുള്‍ ചെയ്തു: പ്രവാചകരേ, ഈ സന്ദേശം പെട്ടെന്ന് ഹൃദിസ്ഥമാക്കുന്നതിനു വേണ്ടി നാക്കു പിടപ്പിക്കേണ്ടതില്ല. അത് ഓര്‍മിപ്പിച്ചുതരുകയും വായിച്ചുതരുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാകുന്നു. അതുകൊണ്ട് നാം വായിച്ചുതരുമ്പോള്‍ താങ്കള്‍ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരിക്കുക. പിന്നെ അതിന്റെ താല്‍പര്യം ഗ്രഹിപ്പിച്ചുതരേണ്ടതും നമ്മുടെ ചുമതലയാകുന്നു. മൂന്നാം തവണ, സൂറ ത്വാഹാ അവതരിച്ചപ്പോഴും തിരുമേനിക്ക് മനുഷ്യസഹജമായ ആശങ്കയുണ്ടായി, ഒറ്റയടിക്ക് അവതരിച്ച ഈ 113 സൂക്തങ്ങളില്‍നിന്ന് വല്ലതും താന്‍ വിസ്മരിച്ചുപോയാലോ എന്ന്. അതുകൊണ്ട് അദ്ദേഹം അത് ഉടനെ മനഃപാഠമാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ നിര്‍ദേശിച്ചു: ''ഖുര്‍ആന്റെ ബോധനം താങ്കളിലേക്ക് പൂര്‍ണമായി എത്തിച്ചേരുന്നതുവരെ അത് വായിക്കുന്നതില്‍ ധൃതികൂട്ടരുത്.'' അതിനുശേഷം തിരുമേനി ഇങ്ങനെ ഉല്‍ക്കണ്ഠപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഈ മൂന്ന് സ്ഥലങ്ങളല്ലാതെ, ഈ വിഷയം സൂചിപ്പിക്കുന്ന നാലാമതൊരു സ്ഥലം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല.

ഉള്ളടക്കം

മൂന്ന് പ്രമേയങ്ങളാണ് ഈ സൂറ ഉള്‍ക്കൊള്ളുന്നത്: ഏകദൈവത്വം, നബി(സ)യുടെ മാര്‍ഗദര്‍ശനം, പരലോകം. ആദ്യമായി ഒറ്റവാക്യത്തില്‍ തൗഹീദ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തെ വിശുദ്ധമാക്കി വാഴ്ത്തുക. അതായത്, വല്ല വിധത്തിലുമുള്ള കുറ്റമോ കുറവോ ദൗര്‍ബല്യമോ സൃഷ്ടികളോടുള്ള സാദൃശ്യമോ സൂചിപ്പിക്കുന്ന നാമംകൊണ്ട് ദൈവത്തെ സ്മരിക്കരുത്. കാരണം, ഈ ലോകത്തുണ്ടായിട്ടുള്ള എല്ലാ അന്ധവിശ്വാസങ്ങളുടെയും അബദ്ധസിദ്ധാന്തങ്ങളുടെയും അടിവേര് ദൈവത്തെ സംബന്ധിച്ച തെറ്റായ വിഭാവനയാകുന്നു. അത് ആ വിശുദ്ധ അസ്തിത്വത്തിനുള്ള ഏതെങ്കിലും അബദ്ധനാമമായിട്ടാണ് രൂപംകൊള്ളുന്നത്. അതിനാല്‍, മഹോന്നതനായ അല്ലാഹുവിനെ അവന്ന് ഉചിതവും ഭൂഷണവുമായ വിശിഷ്ടനാമങ്ങളില്‍ മാത്രം സ്മരിക്കുക എന്നത് വിശ്വാസസംസ്‌കരണത്തിന്റെ പ്രഥമപടിയാകുന്നു. അനന്തരം മൂന്നു സൂക്തങ്ങളിലായി പറയുന്നു: തന്റെ നാമം വിശുദ്ധമാക്കി വാഴ്ത്തണമെന്ന് കല്‍പിച്ചിട്ടുള്ള നിങ്ങളുടെ റബ്ബ് പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവയെ സന്തുലിതമാക്കിയതും അവയുടെ കണക്കുകള്‍ നിര്‍ണയിച്ചതും അവയുടെ സൃഷ്ടിലക്ഷ്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുകൊടുത്തതും അവന്‍തന്നെ. നിങ്ങള്‍ അവന്റെ ശക്തിയുടെ പ്രതിഭാസം ഇപ്രകാരം നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു: അവന്‍ ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിച്ചു വളര്‍ത്തുന്നു. പിന്നെ അവയെ വൈക്കോല്‍ച്ചണ്ടിയാക്കി മാറ്റുകയും ചെയ്യുന്നു. വസന്തം കൊണ്ടുവരാനോ ശിശിരത്തിന്റെ വരവ് തടയാനോ കഴിയുന്ന ഒരു ശക്തിയുമില്ല. തുടര്‍ന്ന് രണ്ടു സൂക്തങ്ങളില്‍ നബി(സ)യോട് ഉപദേശിക്കുന്നു: താങ്കള്‍ക്കവതരിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍ പദാനുപദം ഹൃദിസ്ഥമാക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ചിന്തിച്ച് ബേജാറാകേണ്ടതില്ല. അവയെ താങ്കളുടെ മനസ്സില്‍ രൂഢമാക്കുക നമ്മുടെ ചുമതലയാണ്. അത് മനസ്സില്‍ സുരക്ഷിതമാവുക താങ്കളുടെ വൈയക്തിക സാമര്‍ഥ്യത്തിന്റെ ഫലമായിട്ടല്ല, പ്രത്യുത, നമ്മുടെ അനുഗ്രഹഫലമായിട്ടാകുന്നു. നാം ഉദ്ദേശിച്ചാലേ താങ്കളതു മറന്നുപോകൂ. അനന്തരം റസൂലി(സ)നോട് പറയുന്നു: ഓരോ മനുഷ്യനെയും സന്‍മാര്‍ഗത്തിലേക്ക് പിടിച്ചുകൊണ്ടുവരാനൊന്നും താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. സത്യപ്രബോധനം മാത്രമാണ് താങ്കളുടെ ചുമതല. സത്യപ്രബോധനത്തിന്റെ ശരിയായ രീതി ഇതാണ്: ഉപദേശം കേള്‍ക്കാനും സ്വീകരിക്കാനും സന്നദ്ധതയുള്ളവരെ ഉപദേശിക്കുക. അതിനു സന്നദ്ധതയില്ലാത്തവരുടെ പിന്നാലെ നടക്കാതിരിക്കുക. ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലങ്ങളെ ഭയപ്പെടുന്നവന്‍ സത്യവചനം കേട്ട് കൈക്കൊള്ളും. അതു കേള്‍ക്കുന്നതില്‍നിന്നും കൈക്കൊള്ളുന്നതില്‍നിന്നും അകന്നുമാറുന്ന ഭാഗ്യഹീനന്‍ അതിന്റെ ദുഷ്ഫലം സ്വയം അനുഭവിക്കുകയും ചെയ്യും. ഒടുവില്‍ പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്: വിശ്വാസങ്ങളും സ്വഭാവങ്ങളും കര്‍മങ്ങളും സംസ്‌കരിച്ചവര്‍ക്കും താങ്കളുടെ നാഥന്റെ നാമം സ്മരിച്ചുകൊണ്ട് നമസ്‌കാരം നിര്‍വഹിച്ചവര്‍ക്കും മാത്രമുള്ളതാകുന്നു ജീവിതവിജയം. പക്ഷേ, ഈ ഭൗതികജീവിതത്തിലെ സുഖസൗകര്യങ്ങളെയും ആനന്ദങ്ങളെയും നേട്ടങ്ങളെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതത്രേ ആളുകളുടെ അവസ്ഥ. എന്നാല്‍, മൗലികമായി ചിന്തിക്കേണ്ടത് പരലോകത്തെക്കുറിച്ചാണ്. എന്തുകൊണ്ടെന്നാല്‍, ഭൗതികലോകം നശ്വരമാകുന്നു; പരലോകം ശാശ്വതവും. ഭൗതികാനുഗ്രഹങ്ങളെ അപേക്ഷിച്ച് എത്രയോ ഉന്നതവും വിശിഷ്ടവുമാണ് പാരത്രികാനുഗ്രഹങ്ങള്‍. ഇത് ഖുര്‍ആനില്‍ മാത്രം പ്രസ്താവിക്കപ്പെട്ട യാഥാര്‍ഥ്യമല്ല. ആദരണീയരായ ഇബ്‌റാഹീം(അ), മൂസാ(അ) തുടങ്ങിയ പ്രവാചകവര്യന്മാര്‍ക്കവതീര്‍ണമായ ഏടുകളും മനുഷ്യനെ ഉണര്‍ത്തിയിട്ടുള്ളത് ഈ യാഥാര്‍ഥ്യങ്ങള്‍തന്നെയാകുന്നു.

Facebook Comments