فَلَآ أُقْسِمُ بِٱلْخُنَّسِ ﴿١٥﴾ ٱلْجَوَارِ ٱلْكُنَّسِ ﴿١٦﴾ وَٱلَّيْلِ إِذَا عَسْعَسَ ﴿١٧﴾ وَٱلصُّبْحِ إِذَا تَنَفَّسَ ﴿١٨﴾ إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ ﴿١٩﴾ ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ ﴿٢٠﴾ مُّطَاعٍۢ ثَمَّ أَمِينٍۢ ﴿٢١﴾ وَمَا صَاحِبُكُم بِمَجْنُونٍۢ ﴿٢٢﴾ وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ ﴿٢٣﴾ وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ ﴿٢٤﴾ وَمَا هُوَ بِقَوْلِ شَيْطَٰنٍۢ رَّجِيمٍۢ ﴿٢٥﴾ فَأَيْنَ تَذْهَبُونَ ﴿٢٦﴾ إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَٰلَمِينَ ﴿٢٧﴾ لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ﴿٢٩﴾
(15-29) അതിനാല്‍, അല്ല,മുന്നോട്ടുവന്ന് പിന്‍വാങ്ങി മറയുന്ന താരങ്ങളെ സാക്ഷിയാക്കി, വിടപറയുന്ന രാവിനെയും നിശ്വാസംകൊള്ളുന്ന പ്രഭാതത്തെയും സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യുന്നു:യഥാര്‍ഥത്തില്‍ ഇത് ഒരു മഹാനായ ദൂതന്റെ വചനമാകുന്നു.അതിശക്തന്‍,സിംഹാസനമുടയവന്റെ സന്നിധിയില്‍ ഉന്നതസ്ഥാനീയന്‍. അവിടെ അവന്റെ ആജ്ഞ അനുസരിക്കപ്പെടുന്നു.വിശ്വസ്തനുമാകുന്നു.(ഹേ, മക്കാവാസികളേ) നിങ്ങളുടെ സഹചാരിഭ്രാന്തനല്ല. അദ്ദേഹം തെളിഞ്ഞ ചക്രവാളത്തില്‍ ആ സന്ദേശവാഹകനെ കണ്ടിട്ടുണ്ട്.അതിഭൗതികമായ (ഈ ജ്ഞാനം ലോകര്ക്കെത്തിക്കുന്ന) കാര്യത്തില്‍ അദ്ദേഹം ലുബ്ധനല്ല.ഇതൊരിക്കലും അഭിശപ്തനായ ചെകുത്താന്റെ വചനമല്ല.ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്.നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് ഒന്നും നടക്കുന്നില്ല-- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.
പ്രഥമ സൂക്തത്തിലെ كُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِير ന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്.
അവതരണകാലം
പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നു.
ഉള്ളടക്കം
ഇതില്‍ ആഖിറത്ത്, രിസാലത്ത് (പരലോകം, പ്രവാചകത്വം) എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആദ്യത്തെ ആറു സൂക്തങ്ങളില്‍ അന്ത്യനാളിന്റെ ആദ്യഘട്ടത്തെ വര്‍ണിക്കുകയാണ്: അപ്പോള്‍ സൂര്യന് അണഞ്ഞുപോകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. പര്‍വതങ്ങള്‍ ഭൂമിയില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും. ആളുകള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ വിസ്മരിക്കും. സ്വബോധം നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂടും. സമുദ്രങ്ങള്‍ പ്രക്ഷുബ്ധമായി തീപ്പിടിക്കും. തുടര്‍ന്നുള്ള ഏഴു സൂക്തങ്ങളില്‍ രണ്ടാം ഘട്ടത്തെ വര്‍ണിക്കുന്നു. അപ്പോള്‍ ആത്മാക്കളെല്ലാം അവയുടെ ശരീരങ്ങളുമായി വീണ്ടും കൂട്ടിയിണക്കപ്പെടുന്നു. കര്‍മപുസ്തകങ്ങള്‍ തുറക്കപ്പെടുന്നു. കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. വാനലോകത്തിന്റെ തിരശ്ശീലകള്‍ വലിച്ചുമാറ്റപ്പെടുന്നു. സ്വര്‍ഗനരകങ്ങളെല്ലാം നഗ്നദൃഷ്ടികള്‍ക്ക് ഗോചരമായിത്തീരുന്നു. പരലോകത്തിന്റെ ഈ ചിത്രം വരച്ചുകാണിച്ച ശേഷം, അന്ന് ഓരോ മനുഷ്യന്നും താന്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് അവിടെ എത്തിയിട്ടുള്ളതെന്ന് സ്വയം ബോധ്യമാകും എന്നു പറഞ്ഞുകൊണ്ട് മനുഷ്യനെ ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്. അനന്തരം പ്രവാചകത്വം എന്ന വിഷയം കൈകാര്യം ചെയ്യുകയാണ്. അതേപ്പറ്റി മക്കാവാസികളോടു പറയുന്നു: മുഹമ്മദ് (സ) നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്ന സന്ദേശം ഏതെങ്കിലും കിറുക്കന്റെ വിടുവായത്തമല്ല, പിശാചിന്റെ ദുര്‍ബോധനവുമല്ല. അത് മഹാനും ഉന്നതസ്ഥാനീയനും വിശ്വസ്തനും ദൈവത്താല്‍ നിയുക്തനും സന്ദേശവാഹകനുമായ ഒരു മലക്കിന്റെ ഭാഷണമാകുന്നു. മുഹമ്മദ് (സ) തുറന്ന അന്തരീക്ഷത്തിന്റെ ചക്രവാളത്തില്‍ ആ മലക്കിനെ നഗ്നദൃഷ്ടികൊണ്ട് കണ്ടിട്ടുണ്ട്. ഈ ദൈവികാധ്യാപനങ്ങളെ അവഗണിച്ചു തള്ളിയിട്ട് നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
Facebook Comments