അത്തകാസുര്‍

സൂക്തങ്ങള്‍: 8

പ്രഥമസൂക്തത്തിലുള്ള التَّكَاثُر എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

മുഫസ്സിറുകളുടെ ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്ന് അബൂഹയ്യാനും ശൗക്കാനിയും പ്രസ്താവിച്ചിരിക്കുന്നു. ഇത് മക്കീ സൂറയാണെന്ന അഭിപ്രായംതന്നെയാണ് പ്രചുരമായതെന്ന് ഇമാം സുയൂത്വി യും പ്രസ്താവിക്കുന്നു. എന്നാല്‍, ഇതു മദനിയാണെന്ന് വാദിക്കാനാസ്പദമായ ചില നിവേദനങ്ങളുണ്ട്. അവ ചുവടെ: ഇബ്‌നു അബീഹാതിം അബൂബുറൈദയില്‍നിന്ന് ഉദ്ധരിക്കുന്നു: 'ബനൂഹാരിഥ, ബനുല്‍ഹര്‍ഥ് എന്നീ രണ്ട് അന്‍സ്വാരീ ഗോത്രങ്ങളെക്കുറിച്ചാണ് ഈ സൂറ അവതരിച്ചത്. ഈ രണ്ടു ഗോത്രങ്ങളും അവരില്‍ ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പണ്ടുമുതലേ പരസ്പരം ഊറ്റം പറയാറുണ്ട്. കൂടാതെ ശ്മശാനത്തില്‍ പോയി തങ്ങളുടെ മണ്‍മറഞ്ഞ പൂര്‍വികരുടെ പ്രതാപം പാടാറുമുണ്ട്. ഇതേക്കുറിച്ചാണ് أَلْهَاكُمُ التَّكَاثُرُ എന്ന ദൈവികവചനമവതരിച്ചത്.' പക്ഷേ, അവതരണ പശ്ചാത്തലം സംബന്ധിച്ച് സ്വഹാബത്തും താബിഇകളും സ്വീകരിച്ചിരുന്ന സമ്പ്രദായം മുന്നില്‍വെച്ചു പരിശോധിച്ചാല്‍ ഈ സൂറ ഇപ്പറഞ്ഞ സംഭവത്തെക്കുറിച്ചുതന്നെയാണ് അവതരിച്ചതെന്നതിന് ഈ നിവേദനം തെളിവാകുന്നില്ല. പ്രസ്തുത രണ്ടു ഗോത്രങ്ങളുടെ നടപടികള്‍ക്ക് ഈ സൂറ ബാധകമാകുന്നു എന്നേ അതിനര്‍ഥമുള്ളൂ. ഇമാം ബുഖാരിയുംN1514 ഇബ്‌നുജരീറുംN1477 ഹ. ഉബയ്യുബ്‌നു കഅ്ബിN1511ല്‍നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: لَو أنَّ لاِبْنِ آدَمَ وَادِيَيْنِ مِنْ مَالٍ لَتَمَنَّى وَادِيًا ثَالِثًا وَلاَ يَمْلأُ جَوْفُ ابْنِ آدمَ إلاَّ التُّرَابَ (മനുഷ്യപുത്രന് സമ്പത്തിന്റെ രണ്ടു താഴ്‌വരകളുണ്ടായാല്‍ അവന്‍ മൂന്നാമതൊന്നിനു വേണ്ടി കൊതിക്കുന്നു. മണ്ണിനല്ലാതെ മറ്റൊന്നിനും മനുഷ്യപുത്രന്റെ വയര്‍ നിറക്കാനാവില്ല) എന്ന തിരുവചനം ഞങ്ങള്‍ ഖുര്‍ആനില്‍ പെട്ടതായി മനസ്സിലാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് أَلْهَاكُمُ التَّكَاثُرُ എന്ന വചനമവതരിച്ചത്.' ഹ. ഉബയ്യ് മദീനയില്‍ വെച്ചാണ് മുസ്‌ലിമായത് എന്ന അടിസ്ഥാനത്തിലാണ് ഈ നിവേദനം സൂറ അത്താകാസുര്‍ മദീനയിലവതരിച്ചതാണെന്നതിന് തെളിവാകുന്നത്. പക്ഷേ, സ്വഹാബാകിറാം ഏതര്‍ഥത്തിലാണ് പ്രസ്തുത നബിവചനത്തെ ഖുര്‍ആനില്‍പെട്ടതായി മനസ്സിലാക്കിയിരുന്നതെന്ന് ഉബയ്യിന്റെ ഈ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നില്ല. അതിന്റെ താല്‍പര്യം ആ നബിവചനത്തെ ഖുര്‍ആനിലെ ഒരു സൂക്തമായി കരുതിയിരുന്നുവെന്നാണെങ്കില്‍ അത് സ്വീകാരയോഗ്യമല്ല. കാരണം, സ്വഹാബത്തിലെ ഭൂരിപക്ഷവും ഖുര്‍ആന്‍ അക്ഷരംപ്രതി അറിയുന്നവരായിരുന്നു. അവരെങ്ങനെയാണ് ഈ നബിവചനം ഖുര്‍ആനിലെ ഒരു സൂക്തമാണെന്ന് തെറ്റിദ്ധരിക്കാനിടയാവുക? ഖുര്‍ആനില്‍പ്പെട്ടതാണ് എന്നതുകൊണ്ടുദ്ദേശ്യം, ഖുര്‍ആനായി സ്വീകരിക്കപ്പെട്ടതാണ് എന്നാണെങ്കില്‍ അതിന്റെ താല്‍പര്യം ഇങ്ങനെയാകാം: മദീനയില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ച പ്രവാചകശിഷ്യന്മാര്‍ പ്രവാചക ജിഹ്വയില്‍നിന്ന് ഈ സൂറ ആദ്യമായി കേട്ടപ്പോള്‍ അത് അപ്പോള്‍ അവതരിച്ചതാണെന്ന് കരുതിയിരുന്നു. തുടര്‍ന്ന് ഉപരിസൂചിത നബിവചനത്തെക്കുറിച്ച്, അത് പ്രസ്തുത സൂറയില്‍നിന്ന് എടുക്കപ്പെട്ടതാണെന്നും കരുതി. ഇബ്‌നു ജരീര്‍, തിര്‍മിദി, ഇബ്‌നു മുന്‍ദിര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ ഹ. അലിയില്‍നിന്ന് ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: 'أَلْهَاكُمُ التَّكَاثُرُ അവതരിക്കുന്നത് വരെ ഞങ്ങള്‍ ഖബ്ര്‍ശിക്ഷയെക്കുറിച്ച് വലിയ സന്ദേഹത്തിലായിരുന്നു.' ഖബ്ര്‍ശിക്ഷ സംബന്ധിച്ച ചര്‍ച്ച മദീനയില്‍ വെച്ചാണുണ്ടായതെന്നും മക്കയില്‍ അതു സംബന്ധിച്ച സംസാരമൊന്നും ഉണ്ടായിട്ടില്ലെന്നും ഉള്ള അടിസ്ഥാനത്തിലാണ് ഈ നിവേദനം ഈ സൂറ മദനിയാണെന്നതിനു തെളിവാകുന്നത്. എന്നാല്‍, അതബദ്ധമാണ്. മക്കീ സൂറകളിലും നിരവധി സ്ഥലങ്ങളില്‍ ഖബ്ര്‍ശിക്ഷയെ സംശയത്തിനിടമില്ലാത്ത വിധം ഖണ്ഡിതമായ പദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ഈ സൂറ ഭൗതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഭൗതികഭ്രമത്താല്‍ അവര്‍ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരില്‍ അവര്‍ അഭിമാനപുളകിതരാകുന്നു. അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുള്ള പ്രജ്ഞയേ ഇല്ലാത്തവണ്ണം അവര്‍ അതിനെക്കുറിച്ചുള്ള വിചാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണതിയെക്കുറിച്ചുണര്‍ത്തിയ ശേഷം ആളുകളോടു പറയുന്നു: നിങ്ങള്‍ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ അനുഗ്രഹങ്ങളുണ്ടല്ലോ, അവ അനുഗ്രഹങ്ങള്‍ മാത്രമല്ല; നിങ്ങളെ പരീക്ഷിക്കാനുള്ള ഉപാധികള്‍കൂടിയാണ്. ഈ അനുഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും.